ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തണം: ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് 

By: 600002 On: Jun 21, 2024, 12:36 PM

 

 

കാനഡയില്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. തീരുവ വര്‍ധിപ്പിച്ചില്ലെങ്കില്‍ ഒന്റാരിയോയിലെ തൊഴില്‍ മേഖല അപകടത്തിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനത്തിലധികം തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അമേരിക്ക കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. അമേരിക്ക നടപ്പിലാക്കിയത് പോലെ കാനഡയും തീരുവ വര്‍ധിപ്പിക്കണമന്ന് ഫോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു. ചൈന കൃത്രിമമായി നിര്‍മിച്ച വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ വിപണി കീഴടക്കുകയാണ്. ഇലക്ട്രിക് വാഹന നിര്‍മാണം ബാറ്ററി നിര്‍മാണം തുടങ്ങിയവയില്‍ ഒന്റാരിയോ 43 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയിട്ടുണ്ട്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ അതിപ്രസരം പ്രവിശ്യയിലെ കമ്പനികളെ സാരമായി ബാധിക്കും. അതിനാല്‍ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ വേഗത്തില്‍  നടപടിയെടുത്തില്ലെങ്കില്‍ ഒന്റാരിയോയിലെയും കാനഡയിലെ മറ്റ് ജോലികളെയും ഇത് അപകടത്തിലാക്കുമെന്ന് ഫോര്‍ഡ് മുന്നറിയിപ്പ് നല്‍കി.