വേനല്‍ക്കാല യാത്രാ സീസണ്‍ ആരംഭിക്കുമ്പോള്‍ വിമാനത്താവളങ്ങളില്‍ വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടാന്‍ പോവുക. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മോണ്‍ട്രിയല്‍-ട്രൂഡോ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം ഏഴ് മില്യണില്‍ അധികമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന റെക്കോര്‍ഡ് തിരക്കായിരിക്കുമിതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സമ്മര്‍ സീസണില്‍ എയര്‍പോര്‍ട്ടിലൂടെ പ്രതിമാസം രണ്ട് മില്യണ്‍ യാത്രക്കാരാണ് കടന്നുപോയത്. ഈ വര്‍ഷം ഇത് ഏകദേശം 2.2 മില്യണില്‍ അധികമായിരിക്കുമെന്ന് എയര്‍പോര്‍ട്ട് വക്താവ് ആന്‍ സോഫി ഹേമെല്‍ പറഞ്ഞു.
പതിവിലും കൂടുതല്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാരോട് യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും വിമാനത്താവളത്തിലെ കാത്തിരിപ്പുകള്‍ കുറയ്ക്കാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും സഹകരിക്കാനും അധികൃതര്‍ ആവശ്യപ്പെടുന്നു.
ഷെഡ്യൂള്‍ ചെയ്ത ഫ്‌ളൈറ്റിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്താന്‍ ഹേമെല്‍ നിര്‍ദ്ദേശിക്കുന്നു. സെക്യൂരിറ്റി ചെക്ക്‌പോയിന്റുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഫ്‌ളൈറ്റ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും YUL എക്‌സ്പ്രസ് ആപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ ഹേമെല്‍ ശുപാര്‍ശ ചെയ്യുന്നു.