ആല്‍ബെര്‍ട്ടയില്‍  അടുത്ത അധ്യയന വര്‍ഷം അധ്യാപകരുടെ എണ്ണം കുറയും: ടീച്ചേഴ്‌സ് അസോസിയേഷന്‍

By: 600002 On: Jun 21, 2024, 10:06 AM

 


ആല്‍ബെര്‍ട്ടയിലെ സ്‌കൂളുകളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും മതിയായ അധ്യാപകര്‍ ഇല്ലാത്തത് പ്രതിസന്ധി തീര്‍ക്കുമെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. 2024-25 അധ്യയന വര്‍ഷത്തില്‍ പ്രവിശ്യയിലെ 46 സ്‌കൂള്‍ ബോര്‍ഡുകളില്‍ 23 എണ്ണത്തിലും അധ്യാപകര്‍ കുറവായിരിക്കുമെന്ന് ആല്‍ബെര്‍ട്ട ടീച്ചേഴ്‌സ് അസോസിയേഷന്‍(ATA)  പറയുന്നു. 250 തസ്തികകള്‍ ഇല്ലാതാവുമെന്നാണ് എടിഎ പറയുന്നത്. പ്രവിശ്യ നേരിടാന്‍ പോകുന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും എടിഎ ചൂണ്ടിക്കാട്ടുന്നു. 

പ്രവിശ്യയിലുടനീളമുള്ള സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം 26,000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ സ്‌കൂള്‍ ഡിവിഷനുകളില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് എടിഎ പ്രസിഡന്റ് ജേസണ്‍ ഷില്ലിംഗ് പറഞ്ഞു. അധ്യാപകരുടെ എണ്ണം കുറയുന്നത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുമെന്ന് ഷില്ലിംഗ് വ്യക്തമാക്കി. പ്രവിശ്യയിലെ 17 സ്‌കൂള്‍ ബോര്‍ഡുകള്‍ അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം, സ്‌കൂള്‍ ബോര്‍ഡുകള്‍ക്ക് അവരുടെ ബജറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്വയംഭരണാവകാശമുണ്ടെന്നും അതിനാല്‍ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് അവര്‍ക്ക് തീരുമാനമെടുക്കാമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ഡെമിട്രിയോസ് നിക്കോലെയ്ഡ്‌സ് പ്രതികരിച്ചത്.