കഴിഞ്ഞ വര്‍ഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്തോ-പസഫിക് മേഖലയിലേക്കുള്ള യാത്രയില്‍ എയര്‍പ്ലെയിന്‍ കാറ്ററിംഗ് ബില്ലിനായി വന്‍ തുക ഈടാക്കിയതായി റിപ്പോര്‍ട്ട്. 2023 സെപ്തംബറിലാണ് ട്രൂഡോയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും ഇന്തോ-പസഫിക് മേഖലയിലേക്ക് യാത്ര ചെയ്തത്. ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നിവടങ്ങളിലേക്കും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലും അദ്ദേഹമെത്തി. ഈ യാത്രകളില്‍ അദ്ദേഹത്തിന്റെ വിമാനത്തിലെ ഭക്ഷണ ചെലവുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഹൗസ് ഓഫ് കോമണ്‍സ് സെഷനല്‍ പേപ്പര്‍ അനുസരിച്ച്, മുഴുവന്‍ യാത്രയ്ക്കുമായി ഇന്‍-ഫ്‌ളൈറ്റ് കാറ്ററിംഗ് ബില്‍ 223,234 ഡോളറാണ്. വിവിധ യാത്രകളിലായി സ്റ്റാഫ് അംഗങ്ങളടക്കം നിരവധി ഉദ്യോഗസ്ഥരാണ് ട്രൂഡോയ്‌ക്കൊപ്പം ചേര്‍ന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വിമാനത്തിലെ ഭക്ഷണ മെനുവും അതിന്റെ വില എന്നിവയെല്ലാം രേഖകളില്‍ വ്യക്തമാക്കുന്നു.
രേഖകള്‍ പുറത്തുവന്നതോടെ കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍(സിടിഎഫ്) രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.