ടൊറന്റോയില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച്  വാനില്‍ പരസ്യം; ഹേറ്റ് ക്രൈം യൂണിറ്റ്  അന്വേഷണം ആരംഭിച്ചു 

By: 600002 On: Jun 20, 2024, 12:52 PM

 

 

ടൊറന്റോയില്‍ മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ സംഭവത്തില്‍ ടൊറന്റോ പോലീസ് ഹേറ്റ് ക്രൈം യൂണിറ്റ് അന്വേഷണം ആരംഭിച്ചു. ടൊറന്റൊ നഗരത്തിലൂടെ വാനില്‍ വീഡിയോ സ്‌ക്രീന്‍ വഴി മുസ്ലീങ്ങള്‍ കാനഡയ്ക്ക് ഭീഷണി എന്ന തരത്തിലുള്ള വാചകങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ''ഇത് യെമന്‍ ആണോ, സിറിയ ആണോ, ഇറാഖ് ആണോ, അല്ല ഇത് കാനഡയാണ്'',  രാജ്യം ഉപരോധത്തിലാണ്'',- എന്നും കാനഡയിലെ ജനങ്ങളോട് ഉണര്‍ന്നിരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന തരത്തിലാണ് വാചകങ്ങള്‍. വാന്‍ നിരത്തുകളിലൂടെ കടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

വിദ്വേഷ വാചകങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള കാനഡയുടെ പ്രത്യേക പ്രതിനിധി അമീറ എല്‍ഘവാബി സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ പോസ്റ്റ് ചെയ്തു. വിഭജിക്കാനും വെറുക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും, കാനഡയിലുള്ള ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും അവഗണിക്കുകയും ചെയ്യുമെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു. സ്‌നേഹം എല്ലായ്‌പ്പോഴും വെറുപ്പിനെ മറികടക്കുമെന്നും അവര്‍ കുറിച്ചു. 

വാനിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ഹേറ്റ് ക്രൈം യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി ടൊറന്റോ പോലീസ് അറിയിച്ചു. വാന്‍ കടന്നുപോകുന്നത് കണ്ടവരോ, വാനിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ, മറ്റ് എന്തെങ്കിലും വിവരം അറിയുന്നവരോ ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ടൊറന്റോ പോലീസ് ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും വാഹനത്തിലൂടെ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കുമെന്നും ടൊറന്റോ മേയര്‍ ഒലിവിയ ചൗ പറഞ്ഞു.