കുടിയേറ്റം കുതിക്കുന്നു; ആല്‍ബെര്‍ട്ടയില്‍ ഭവന നിര്‍മാണത്തില്‍ വര്‍ധന

By: 600002 On: Jun 20, 2024, 12:15 PM

 


ആല്‍ബെര്‍ട്ടയില്‍ പാര്‍പ്പിട നിര്‍മാണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം പ്രവിശ്യയിലുടനീളം 4,100 ലധികം പുതിയ വീടുകളുടെ നിര്‍മാണം കഴിഞ്ഞ മാസം ആരംഭിച്ചു. ആല്‍ബെര്‍ട്ട ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും തിരക്കേറിയ മാസമാണിതെന്ന് സര്‍ക്കാര്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ മൊത്തം 17,000 ഓളം പുതിയ യൂണിറ്റുകളാണ് കൂട്ടിച്ചേര്‍ത്തത്. 

എഡ്മന്റണില്‍ മാത്രം മെയ് മാസത്തില്‍ 1,200 ലധികം വീടുകളുടെ നിര്‍മാണമാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 518 ആയിരുന്നു കണക്ക്. കാല്‍ഗറിയില്‍ 1600 ലധികം വീടുകളാണ് നിര്‍മിക്കുന്നത്. 

വീടുകളുടെ നിര്‍മാണത്തിന് പ്രവിശ്യാ, ഫെഡറല്‍ സര്‍ക്കാരുകളുടെ ധനസഹായം ലഭിക്കുന്നുണ്ട്. അടുത്തിടെ എഡ്മന്റണ്‍ സിറ്റി കൗണ്‍സില്‍ 170 മില്യണ്‍ ഡോളറിന്റെ ഹൗസിംഗ് ആക്‌സിലറേറ്റര്‍ ഫണ്ടിന് അംഗീകാരം നല്‍കിയിരുന്നു. അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകളാണ് കൂടുതലായും നിര്‍മിക്കുന്നത്. സിംഗിള്‍ ഫാമിലി യൂണിറ്റുകള്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.