വവ്വാല്‍ സൂപ്പുണ്ടാക്കി വീട്ടമ്മ, ആസ്വദിച്ച് കഴിച്ച് കുട്ടികള്‍; വൈറല്‍ വീഡിയോയില്‍ 'വയറിളകി' സോഷ്യല്‍ മീഡിയ

By: 600007 On: Jun 20, 2024, 10:20 AM

വാവല്‍, വവ്വാല്‍, കടവാവല്‍ എന്നൊക്കെ അറിയപ്പെട്ടിരുന്ന, ഭൂമിക്ക് നേരെ തലകീഴായി തൂങ്ങിക്കിടന്ന സസ്തനി, മനുഷ്യര്‍ക്കിടയില്‍ എല്ലാക്കാലത്തും ഭീതി മാത്രമാണ് വിതച്ചത്. പഴങ്കഥകളില്‍ വവാലുകള്‍ പ്രേതങ്ങള്‍ക്കും സാത്താനും ഡ്രാക്കുളയ്ക്കും ഒപ്പം വന്നു. വര്‍ത്തമാന കാലത്ത് മനുഷ്യന് ഹാനികരമായ നിരവധി വൈറസുകളെ വഹിച്ച് ഭീതി പരത്തി. നിപ്പയും പിന്നാലെ എത്തിയ കൊവിഡും വവ്വാലുകളില്‍ നിന്നും പടര്‍ന്നതാണെന്ന് വിശദീകരണങ്ങളുണ്ടായി. അതിനിടെയാണ് ഒരു വീട്ടമ്മ തന്‍റെ കുടുംബത്തിന് വേണ്ടി വവ്വാലിനെ സൂപ്പ് വയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 

ഇന്തോനേഷ്യയിലെ നോർത്ത് കലിമന്തൻ ദയാക് വില്ലേജിലെ സാഹസികതകള്‍ പങ്കുവയ്ക്കുന്ന എൽവി കെരായൗവിന്‍റെ സമൂഹ മാധ്യമ പേജായ ഇമാക് പാന്‍ജെറാന്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നിരവധി ജീവികളെ എന്നതിനേക്കാള്‍ തങ്ങളുടെ ചുറ്റുപാട് നിന്നും കണ്ടെത്തുന്ന എല്ലാ ജീവികളെയും എല്‍വി കൊന്ന് കറിവയ്ക്കുന്നു. ഇതിന്‍റെ വീഡിയോകള്‍ അവര്‍ തന്‍റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവയ്ക്കുന്നു. ഇന്തോനേഷ്യയിലെ ഏറ്റവും പുരാതനമായ വംശീയ വിഭാഗങ്ങളിലൊന്നാണ് എല്‍വിയുടെത്. തവളയും ആമയും മത്സ്യങ്ങളും അണ്ണാനുകളും എന്ന് വേണ്ട കണ്ണില്‍ കണ്ട, കൈയില്‍ കിട്ടിയ എല്ലാ ജീവികളെയും അവര്‍ തങ്ങളുടെ ആഹാരമാക്കുന്നു. അവ കുടുംബത്തോടൊപ്പം ആസ്വദിച്ച് കഴിക്കുന്നു.