യൂറോ കപ്പില്‍ ഇന്ന് മരണക്കളി, ഇറ്റലിയുടെ എതിരാളികള്‍ സ്പെയിന്‍; മത്സരഫലം ക്രോയേഷ്യക്കും നിർണായകം

By: 600007 On: Jun 20, 2024, 10:13 AM

 

മ്യൂണിക്ക്: യൂറോ കപ്പിലെ മരണഗ്രൂപ്പിൽ പ്രീക്വർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീം ആരെന്ന് ഇന്നറിയാം.നിലവിലെ ജേതാക്കളായ ഇറ്റലി കരുത്തരായ സ്പെയിനിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ക്രൊയേഷ്യ കൂടി ഉള്‍പ്പെടുന്ന ബി ഗ്രൂപ്പില്‍ ജയിച്ച് തുടങ്ങിയ ഇറ്റലിയും സ്പെയിനും നേർക്കുനേർ വരുമ്പോള്‍ മത്സരഫലം ക്രൊയേഷ്യക്കും ഏറെ നിര്‍ണായകമാണ്.

ക്രെയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് സ്പെയിൻ തുടങ്ങിയത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒത്തിണക്കമുള്ള ടീമാണെന്ന് മുൻ ചാംപ്യന്മാർ ക്രേയേഷ്യക്കെതിരെ തെളിയിച്ചു. അൽവാരോ മൊറാട്ട, ഫാബിയൻ റൂയിസ്, നിക്കോ വില്യംസ് എന്നിവർ അപകടം വിതയ്ക്കുന്നവർ. ലാമിൻ യമാൽ അടക്കമുള്ള യുവതാരങ്ങളിലും പ്രതീക്ഷകളേറെ. എന്നാല്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റൻ ആല്‍വാരൊ മൊറാട്ടയും റോഡ്രിയും ഇന്ന് കളത്തിലിറങ്ങുമോ എന്ന ആശങ്കയും സ്പെയിനിനുണ്ട്.