മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള സാധ്യത ഇല്ലെന്ന് തന്നെ പറയാം. അതേസമയം അത്തരം നിരവധി സംഭവങ്ങള്‍ ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസം യുഎസിലെ നെബ്രാസ്കയിലെ ലിങ്കണിലെ ബുതെറസ്-മസറും ലവ് ഫ്യൂണറൽ ഹോമില്‍ ഇത്തരമൊരു അസാധാരണ സംഭവം നടന്നു. കോൺസ്റ്റൻസ് ഗ്ലാൻസ് എന്ന പെഷണറായ 74 -കാരിയെ മരിച്ചെന്ന് കരുതി അടക്കാനായി സെമിത്തേരിയിലേക്ക് എടുത്തതായിരുന്നു. എന്നാല്‍, ഈ സമയം ശവപ്പെട്ടിക്കുള്ളില്‍ നിന്നും ശ്വസം മുട്ടുന്നത് പോലെ അസ്വസ്ഥകരമായ ശബ്ദം കേട്ട് ശ്മശാന ജീവനക്കാര്‍ ഭയന്നു. പിന്നാലെ ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കോൺസ്റ്റൻസ് ഗ്ലാൻസിന് ജീവനുള്ളതായി കണ്ടെത്തിയതെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂൺ 3-ന് രാവിലെ 9.44-നാണ് കോൺസ്റ്റൻസ് മരിച്ചതായി ബുതെറസ്-മസറും ലവ് ഫ്യൂണറൽ ഹോമില്‍ നിന്നും അറിയിപ്പുണ്ടായത്. പിന്നാലെ ഇവരുടെ മൃതദേഹം അടക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനിടെയാണ് ശവപ്പെട്ടിയില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് ജീവനക്കാര്‍ പെട്ടി തുറന്നത്. ശവപ്പെട്ടിക്കുള്ളില്‍ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന കോൺസ്റ്റൻസിനെ കണ്ട ശ്മശാന ജീവനക്കാര്‍ ഉടന്‍ തന്നെ അവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി. മാത്രമല്ല, പോലീസിനെയും അത്യാഹിത വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു.