മെക്കാനിക്കുകളുടെ പണിമുടക്ക്: വെസ്റ്റ്‌ജെറ്റ് വിമാനങ്ങള്‍ റദ്ദാക്കി; ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി 

By: 600002 On: Jun 20, 2024, 9:26 AM

 

 

വ്യാഴാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് പ്ലെയിന്‍ മെക്കാനിക്കുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നാല്‍പ്പതോളം വിമാനങ്ങള്‍ വെസ്റ്റ്‌ജെറ്റ് റദ്ദാക്കി. ഫ്‌ളൈറ്റ് റദ്ദാക്കിയത് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ 6500 ഓളം യാത്രക്കാരെ ബാധിച്ചതായി വെസ്റ്റ്‌ജെറ്റ് പറയുന്നു. കഴിഞ്ഞയാഴ്ച വെസ്റ്റ്‌ജെറ്റ് എയര്‍ലൈന്‍ നിര്‍ദ്ദേശിച്ച താല്‍ക്കാലിക കരാര്‍ നിരസിക്കാന്‍ യൂണിയന്‍ അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പണിമുടക്ക് ഒഴിവാക്കാന്‍ കനേഡിയന്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡ് ഇടപെടണമെന്ന് വെസ്റ്റ്‌ജെറ്റ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനിടെയാണ് വിമാനം റദ്ദാക്കിയത്. ഏകദേശം 670 വെസ്റ്റ്‌ജെറ്റ് മെക്കാനിക്കുകളെ പ്രതിനിധീകരിക്കുന്ന എയര്‍ക്രാഫ്റ്റ് മെക്കാനിക്‌സ് ഫ്രറ്റേണല്‍ അസോസിയേഷന്‍ ഈ ആഴ്ച ആദ്യം പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു.  

യാത്ര ക്യാന്‍സല്‍ ചെയ്തവര്‍ക്ക് പാസഞ്ചര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് പ്രകാരം മുഴുവന്‍ റീഫണ്ടിനും അര്‍ഹതയുണ്ടെന്ന് എയര്‍ പാസഞ്ചര്‍ റൈറ്റ്‌സ് അഡ്വക്കസി ഗ്രൂപ്പ് പ്രസിഡന്റ് ഗബോര്‍ ലൂക്കാക്‌സ് പറഞ്ഞു.