കാനഡയില്‍ ജനസംഖ്യ കുതിച്ചുയരുന്നു: ആദ്യ പാദത്തില്‍  41 മില്യണിന് മുകളില്‍; 0.6 ശതമാനം വര്‍ധന 

By: 600002 On: Jun 20, 2024, 8:53 AM

 

കാനഡയില്‍ ജനസംഖ്യ കുതിച്ചുയരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്തെ ജനസംഖ്യ 0.6 ശതമാനം വര്‍ധിച്ച് 41 മില്യണിലധികമായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 1 ന് ജനസംഖ്യ 41,012,563 ല്‍ എത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ മൂന്ന് മാസങ്ങളില്‍ 121,758 കുടിയേറ്റക്കാരെ രാജ്യം സ്വാഗതം ചെയ്തതോടെയാണ് ഈ വര്‍ധന. ഇതില്‍ 131,810 പേര്‍ സ്ഥിരതാമസക്കാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ല്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുമെന്ന പ്രഖ്യാപനത്തിന് മുമ്പാണ് ജനസംഖ്യ വളര്‍ച്ചയുടെ ഭൂരിഭാഗവും സംഭവിച്ചത്. 

കാനഡയിലെ പ്രവിശ്യകളിലും ജനസംഖ്യ വര്‍ധിക്കുന്നുണ്ട്. ഇതില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് ആല്‍ബെര്‍ട്ടയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 50,000 ത്തോളം പുതിയ ആളുകളെ കൂട്ടിച്ചേര്‍ത്ത് പ്രവിശ്യയിലെ ജനസംഖ്യ 4,849,906 ആയി ഉയര്‍ന്നു. പ്രവിശ്യയുടെ ജനസംഖ്യ വളര്‍ച്ചയ്ക്ക് പ്രധാനകാരണം അന്തര്‍പ്രവിശ്യാ കുടിയേറ്റമാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. മറ്റ് പ്രവിശ്യകളില്‍ നിന്നും 12,482 പേരാണ് ആല്‍ബെര്‍ട്ടയിലേക്ക് ചേക്കേറിയത്. ഒന്റാരിയോ, ബീസി എന്നീ പ്രവിശ്യകളില്‍ നിന്നുള്ളവരാണ് ആല്‍ബെര്‍ട്ടയില്‍ എത്തിയവരില്‍ ഭൂരിഭാഗവും. ആല്‍ബെര്‍ട്ട വിടാന്‍ തയാറെടുക്കുന്നവര്‍ കുടിയേറുന്നതും ഈ രണ്ട് പ്രവിശ്യകളിലേക്കാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.