ഇറാന്റെ സായുധ സേനാ ശാഖയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ(IRGC) തീവ്രവാദ സംഘടനകളുടെ
പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ. ഐആര്‍ജിസിയുടെ പ്രവര്‍ത്തനങ്ങളെ രാജ്യം ചെറുക്കുമെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ ഡൊമിനിക് ലെബ്ലാ പറഞ്ഞു. ഐആര്‍ജിസിയുടെ പ്രവര്‍ത്തനത്തെ ചെറുക്കുന്നതിന് കാനഡ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇറാനിനകത്തും പുറത്തും ഐആര്‍ജിസി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഒപ്പം മനുഷ്യാവകാശ ലംഘനങ്ങളും നടത്തിവരുന്നു. ഇതാണ് സംഘടനയെ തീവ്രവാദ സംഘടനയായി മുദ്രകുത്താനുള്ള പ്രധാന കാരണം. ഇതോടെ, അല്‍ഖ്വയ്ദ, ഹമാസ്, ബൊക്കോ ഹറാം, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നീ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഐആര്‍ജിസിയും ഉള്‍പ്പെട്ടു.
ആഗോള ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. കാനഡയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനിലുള്ള കനേഡിയന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രി മെലനി ജോളി മുന്നറിയിപ്പ് നല്‍കി.
കാനഡയിലെ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്ത് നിന്നുള്‍പ്പെടെ കാലങ്ങളായി ഉയരുന്ന ആവശ്യമായിരുന്നു ഇത്. ഐആര്‍ജിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഇറാനിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാനഡയില്‍ പ്രവേശിക്കുന്നത് വിലക്കുന്നതാണ് ഈ നീക്കം.
കാനഡയുടെ ക്രിമിനല്‍ കോഡ് പ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തീവ്രവാദ സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ മന:പൂര്‍വ്വം കൈകാര്യം ചെയ്യുന്നത് കുറ്റകരമാണ്. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തിയാല്‍ ചാരിറ്റി സംഘടനകള്‍ക്ക് അവരുടെ പദവി നഷ്ടപ്പെടും. കൂടാതെ ആ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടതായി കണ്ടെത്തുന്ന ആളുകള്‍ക്ക് കാനഡയിലേക്കുള്ള പ്രവേശനം നിഷേധിക്കുമെന്നും ഡൊമിനിക് ലേബ്ലാ അറിയിച്ചു.