ഇറാൻ ഭൂചലനത്തിൽ നാലുമരണം, 120​ലേറെ പേർക്ക് പരിക്ക്

By: 600007 On: Jun 19, 2024, 4:37 PM

 

തെഹ്‌റാൻ: ഇറാനിലെ ഖുറാസാൻ റദ്‍വി പ്രവിശ്യയിലെ കഷ്‌മർ കൗണ്ടിയിൽ ഭൂചലനത്തിൽ നാല് പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 120ലധികം പേർക്ക് പരിക്കേറ്റതായും ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോ​ർട്ട് ചെയ്തു.

പരിക്കേറ്റവരിൽ 35 പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായി കഷ്മർ ഗവർണർ ഹുജ്ജതുല്ല ശരീഅത്ത്മദാരി അറിയിച്ചു. മറ്റുള്ളവരെ പ്രാഥമികചികിത്സക്ക് ശേഷം വിട്ടയച്ചു. കെട്ടിടാവശിഷ്ടങ്ങൾ ദേഹത്ത് വീണാണ് നാലുപേർ മരണപ്പെട്ടത്.

പ്രാദേശിക സമയം ഉച്ച 1.24ന് ഉണ്ടായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നവരെ റെഡ്ക്രസന്റ് വളന്റിയർമാർ രക്ഷിച്ചതായി ഖുറാസാൻ റദ്‍വി റെഡ് ക്രസൻ്റ് സൊസൈറ്റി മാനേജിങ് ഡയറക്ടർ അലി മോനിരി പറഞ്ഞു. ആളപായങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.