വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ? കാനഡയിലെ പകുതിയിലധികം വാടകക്കാരും ആശങ്കപ്പെടുന്നു: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Jun 19, 2024, 2:28 PM

 

 

കാനഡയില്‍ താമസിക്കുന്ന പകുതിയിലധികം വാടകക്കാരും വീട് എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ്. കാനഡ ആസ്ഥാനമായുള്ള ഫിന്‍ടെക് കമ്പനി ബോറോവെല്‍(Borrowell) പ്രസിദ്ധീകരിച്ച സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ഥിരമായ ദീര്‍ഘകാല റെന്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്ന വാടകക്കാര്‍ക്ക് അവരുടെ ക്രെഡിറ്റ് പ്രൊഫൈലില്‍ കാണിക്കാന്‍ ഒന്നും തന്നെയില്ലെന്നും ഇത് അവരുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതില്‍ പ്രതീക്ഷയില്ലാതാക്കുന്നുവെന്നും ബോറോവെല്‍ പറയുന്നു. 

സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം വാടകക്കാരും 11 വര്‍ഷത്തിലേറെയായി പ്രതിമാസം 1000 ഡോളറിനും 2000 ഡോളറിനും ഇടയില്‍ വാടക നല്‍കുന്നതായി പറയുന്നു. വാടകക്കാര്‍ ബില്‍ഡിംഗ് ക്രെഡിറ്റ് ഇല്ലാതെ റെന്റ് പേയ്‌മെന്റുകള്‍ക്ക് മാത്രമായി 132,000 ഡോളറിനും 264,000 ഡോളറിനും ഇടയില്‍ ചെലവഴിക്കുന്നുണ്ടെന്ന് ബോറോവെല്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ശരാശരി 704,000 ഡോളര്‍ വില വരുന്ന വീടിന് ഈ തുക 18 ശതമാനം ഡൗണ്‍പേയ്‌മെന്റില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വാടകയ്ക്ക് താമസിക്കുന്നവരില്‍ പകുതിയും തങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന മോര്‍ഗേജ് ലഭിക്കാന്‍ പര്യാപ്തമല്ലെന്നും, 51 ശതമാനം പേരും കാനഡയില്‍ എപ്പോഴെങ്കിലും ഒരു വീട് സ്വന്തമാക്കാന്‍ കഴിയുമോ എന്ന് സംശയിക്കുന്നതായും പ്രതികരിച്ചു. ക്രെഡിറ്റ് നേരത്തെ കെട്ടിപ്പടുക്കാന്‍ തുടങ്ങിയിരുന്നുവെങ്കില്‍ ഇന്ന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലാകുമായിരുന്നുവെന്ന് 65 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ രാജ്യത്ത് ആദ്യ വീട് വാങ്ങുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പ്രതികരിച്ചവരില്‍ 90 ശതമാനം പേരും സമ്മതിക്കുന്നു.