മൊബൈല്‍ ഫോണ്‍ മുഖേന ഇക്കോണമി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വെസ്റ്റ്ജെറ്റ് 25 ഡോളര്‍ ഈടാക്കുന്നു. എയര്‍ലൈനുകള്‍ ഫീസ് പുതുക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഫോണ്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഫീസ് ഈടാക്കുന്നത് യാത്രക്കാരില്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, ഫോണ്‍ വഴിയുള്ള ബുക്കിംഗിന് ഫീസ് 'സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രി പ്രാക്ടീസ്' ആണെന്നാണ് വെസ്റ്റ്ജെറ്റ് വക്താവ് മാഡിസണ്‍ ക്രൂഗര്‍ ഇമെയില്‍ പ്രസ്താവനയില്‍ വാദിക്കുന്നത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ഫ്ളൈറ്റുകള്‍ ബുക്ക് ചെയ്യാനും മാറ്റാനും സാധിക്കുന്നതിന് എയര്‍ലൈന്‍ വെബ്സൈറ്റ് അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും ക്രൂഗര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കോണമി നിരക്കുകള്‍ക്കായി ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ സീറ്റ് തെരഞ്ഞെടുക്കുന്നതിന് എയര്‍ കാനഡ ഏപ്രിലില്‍ പുതിയ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയും യാത്രക്കാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സോഷ്യല്‍മീഡിയയിലെ പരാതികളെ തുടര്‍ന്ന് എയര്‍ കാനഡ പുതിയ ഫീസ് നിരക്ക് പിന്‍വലിച്ചു.
ഫോണ്‍ ഫീസ് കൂടാതെ, അള്‍ട്രാ ബേസിക് ഉള്‍പ്പെടെയുള്ള പുതിയ നിയമങ്ങളും നിരക്കും വെസ്റ്റ് ജെറ്റ് അവതരിപ്പിച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്.
എയര്‍ലൈന്‍ ഫീസ് സുതാര്യത ഉറപ്പാക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്ന് ഗതാഗത മന്ത്രി പാബ്ലോ റോഡ്രിഗസിന്റെ പ്രസ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു കര്‍മ്മ പദ്ധതി പ്രഖ്യാപിക്കുകയോ എപ്പോള്‍ നടപ്പിലാക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല. നാഷണല്‍ എയര്‍ലൈന്‍സ് കൗണ്‍സില്‍ ഓഫ് കാനഡയും നിരക്കുകള്‍ സംബന്ധിച്ച് മൗനം പാലിക്കുകയാണ്.