ഒന്റാരിയോയില്‍ ഉഷ്ണതരംഗം: ഗോ ട്രാന്‍സിറ്റ് ട്രെയിനുകളുടെ വേഗത കുറയ്ക്കും

By: 600002 On: Jun 19, 2024, 12:18 PM

 


ഒന്റാരിയോയിലെ ഉഷ്ണ തരംഗം പ്രവിശ്യയിലെ ഇന്‍ഫ്രാസ്ട്രക്ചറുകളെയും സേവനങ്ങളെയും സാരമായി ബാധിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കടുത്ത ചൂട് കാരണം ചില ട്രാന്‍സിറ്റ് റൂട്ടുകളില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതായി മെട്രോലിങ്ക്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തടസ്സങ്ങള്‍ നേരിടാന്‍ ഗോ ട്രെയിനുകളുടെ വേഗം കുറയ്ക്കുമെന്ന് മെട്രോലിങ്ക്‌സ് അറിയിച്ചു. 

കടുത്ത ചൂടില്‍ ട്രാക്കുകള്‍ക്ക് മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് അപകടസാധ്യത സൃഷ്ടിക്കുമെന്നും അതിനാല്‍ ട്രെയിനുകള്‍ വേഗത കുറച്ച് സര്‍വീസ് നടത്തുമെന്ന് മെട്രോലിങ്ക്‌സ് അറിയിച്ചു. സ്റ്റൗഫ്‌വില്‍, ബാരി, ലേക്‌ഷോര്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ്, കിച്ച്‌നര്‍ ലൈനുകളില്‍ സര്‍വീസ് നടത്തുന്ന ഗോ ട്രെയിനുകളെ പുതിയ മാറ്റം ബാധിക്കും. ചില സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതായും ഏജന്‍സി അറിയിച്ചു. യാത്രക്കാരുടെയും സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. പുതുക്കിയ സര്‍വീസുകളും മറ്റ് അപ്‌ഡേറ്റുകളും അറിയാന്‍ ഗോട്രാന്‍സിറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

നിലവില്‍ ടൊറന്റോയില്‍ പകല്‍ താപനില 30-35 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലായിരിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഹ്യുമിഡിറ്റി അടിസ്ഥാനമാക്കി 40 നും 45 നും ഇടയില്‍ അനുഭവപ്പെടും. അതേസമയം, രാത്രി താപനില 20 നും 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.