നാടുകടത്തലിലേക്ക് നയിച്ചേക്കാവുന്ന പ്രവിശ്യയുടെ പുതിയ ഇമിഗ്രേഷന്‍ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ജൂണ്‍ 20 ന് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിലേക്കുള്ള നോമിനേഷനുകള്‍ക്കുള്ള നറുക്കെടുപ്പിന് മുമ്പ് ജൂണ്‍ 19 ന് വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
പ്രതിഷേധങ്ങളുടെ ഭാഗമായി നിരാഹാര സമരം പുന:രാരംഭിച്ചു. മെയ് 24 മുതല്‍ നടത്തിവരികയായിരുന്ന നിരാഹാര സമരം വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 1 ന് താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. പ്രവിശ്യാ സര്‍ക്കാരും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും തങ്ങളുടെ പ്രതിസന്ധിയില്‍ പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതായി സമരത്തിന് നേതൃത്വം നല്‍കുന്നവരിലൊരാളായ രുപീന്ദര്‍ പാല്‍ സിംങ് പറഞ്ഞു.
പുതിയ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവിശ്യയില്‍ സ്ഥിര താമസ പദവി നേടുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് സിംഗ് പറഞ്ഞു. പ്രവിശ്യ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് വരെ നിരാഹാര സമരവും മറ്റ് പ്രതിഷേധ പരിപാടികളും തുടരുമെന്നും രുപീന്ദര്‍ പാല്‍ സിംഗ് അറിയിച്ചു.