നോര്‍ത്ത്‌വെസ്റ്റ് കാല്‍ഗറിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമം: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ് 

By: 600002 On: Jun 19, 2024, 11:08 AM

 

 

നോര്‍ത്ത്‌വെസ്റ്റ് കാല്‍ഗറിയില്‍ പെണ്‍കുട്ടിയെ അപരിചിതന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പോലീസ്. തിങ്കളാഴ്ച രാവിലെ 9.40 ന് റോയല്‍ വിസ്റ്റ കമ്മ്യൂണിറ്റിയിലെ ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ മെമ്മോറിയല്‍ ഡിസ്‌ക് ഗോള്‍ഫ് പാര്‍ക്കിന് സമീപമാണ് സംഭവം നടന്നത്. സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫീല്‍ഡ് ട്രിപ്പിനായി പാര്‍ക്കിലെത്തിയപ്പോള്‍ ഒരു അപരിചിതന്‍ പിന്നില്‍ നിന്ന് വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തുകയും തടഞ്ഞുനിര്‍ത്തി കൈകള്‍ പിടിച്ചുവെച്ച് വനപ്രദേശത്തേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. 

ഭയന്ന് നിലവിളിച്ച പെണ്‍കുട്ടി യുവാവിനെ ചവിട്ടുകയും തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട് അധ്യാപകരുടെ അടുത്തെത്തുകയുമായിരുന്നു. പെണ്‍കുട്ടി അധ്യാപകരെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തു. 

കറുത്ത ജീന്‍സും കറുത്ത ലെതര്‍ ജാക്കറ്റുമാണ് ഇയാള്‍ ധരിച്ചിരുന്നത്. കറുത്ത ഷൂസ്, ബേസ്‌ബോള്‍ തൊപ്പി എന്നിവയും ധരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോയല്‍ വിസ്റ്റയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.