ഓണ്‍ലൈനില്‍ വ്യാജ ഐഫോണ്‍ വില്‍പ്പന: മുന്നറിയിപ്പ് നല്‍കി എയര്‍ഡ്രി ആര്‍സിഎംപി 

By: 600002 On: Jun 19, 2024, 10:03 AM

 

 

യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള വ്യാജ ഐഫോണുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എയര്‍ഡ്രി ആര്‍സിഎംപി. സമീപകാലത്ത് വ്യാജ ഐഫോണ്‍ വാങ്ങി തട്ടിപ്പിനിരയായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐഫോണ്‍ ബോക്‌സില്‍ സീല്‍ ചെയ്ത് ശരിയായ ലേബലിംഗ് ചെയ്താണ് ഫോണ്‍ വിറ്റിരുന്നതെന്നും അതിനാല്‍ നിയമാനുസൃതമായ വില്‍പ്പനയാണെന്നാണ് തട്ടിപ്പിനിരയായ ആള്‍ കരുതിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ ഫോണില്‍ ആപ്പിള്‍ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത് വ്യാജ ഫോണായിരുന്നുവെന്നും തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞതും. ഫോണ്‍ ഒരു ആപ്പിള്‍ സ്റ്റോറില്‍ കൊണ്ടുപോയി പരിശോധിച്ചതിന് ശേഷം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഓണ്‍ലൈന്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആധികാരികത ഉറപ്പുവരുത്തണമെന്നും എയര്‍ഡ്രി ആര്‍സിഎംപി മുന്നറിയിപ്പ് നല്‍കി. പല ഉല്‍പ്പന്നങ്ങളും നിയമാനുസൃതമാണെന്ന് തോന്നുമെങ്കിലും വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പില്‍ പറയുന്നു.