യൂട്യൂബില്‍ വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ ജാഗ്രതൈ; ഇനി നാട്ടുകാര്‍ മൊത്തമറിയും

By: 600007 On: Jun 19, 2024, 8:42 AM

 

കാലിഫോര്‍ണിയ: വ്യാജ വീഡിയോകളും തെറ്റിദ്ധാരണ പടര്‍ത്തുന്ന ദൃശ്യങ്ങള്‍ക്കും തടയിടാന്‍ സാമൂഹ്യ മാധ്യമമായ യൂട്യൂബിന്‍റെ പുതിയ നീക്കം. മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ (പഴയ ട്വിറ്റര്‍) കമ്മ്യൂണിറ്റി നോട്ട് പോലെ 'യൂട്യൂബ് നോട്ട്‌സ്' അവതരിപ്പിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. ഇതോടെ വീഡിയോകള്‍ക്ക് താഴെ ദൃശ്യങ്ങളുടെ വസ്‌തുത വെളിവാക്കിക്കൊണ്ട് വിശദമായ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാനാകും. വീഡിയോകള്‍ കബളിപ്പിക്കുന്നതാണോ എന്ന് കാഴ്ചക്കാര്‍ക്ക് മനസിലാകാന്‍ ഇത്തരം നോട്ടുകള്‍ സഹായിക്കും. 

യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ നടപടികള്‍ വേണമെന്ന ആവശ്യം നാളുകളായുണ്ട്. ട്വിറ്റര്‍ അവതരിപ്പിച്ച 'കമ്മ്യൂണിറ്റി നോട്ട്' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേ മാതൃകയില്‍ നോട്ട്‌സുമായി രംഗപ്രവേശം ചെയ്യുകയാണ് യൂട്യൂബ്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ നോട്ടുകള്‍ വീഡിയോകള്‍ക്ക് താഴെ കുറിക്കാനാകൂ. ഇതിന്‍റെ പ്രയോജനവും പ്രായോഗിക പ്രശ്‌നങ്ങളും വിലയിരുത്തി നോട്ടുകള്‍ പോസ്റ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. എന്താണ് വീഡിയോയുടെ പശ്‌ചാത്തലം, അര്‍ഥം തുടങ്ങിയവ ഇത്തരം നോട്ടുകളിലൂടെ വായിക്കാം. എങ്കിലും തുടക്കത്തില്‍ 100 ശതമാനം കിറുകൃത്യമായ നോട്ടുകള്‍ ചിലപ്പോള്‍ ലഭിച്ചേക്കില്ല എന്ന് യൂട്യൂബ് തന്നെ പറയുന്നു. 

യൂട്യൂബ് നോട്ട്‌സ് കുറിക്കാന്‍ യോഗ്യരായ കോണ്‍ട്രിബ്യൂട്ടര്‍മാര്‍ക്ക് മെയിലിലൂടെയും ക്രിയേറ്റര്‍ സ്റ്റുഡിയോ നോട്ട് വഴിയുമാകും ക്ഷണം ലഭിക്കുക. വളരെ സജീവമായ യൂട്യൂബ് ചാനലുള്ളവരെയും യൂട്യൂബിന്‍റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് കൃത്യമായി പാലിക്കുന്നവരെയുമാണ് ഇതിനായി തെരഞ്ഞെടുക്കുക. വരും ആഴ്‌ചകളില്‍ അമേരിക്കയിലെ യൂട്യൂബ് കാഴ്‌ചക്കാര്‍ക്ക് നോട്‌സ് കണ്ടുതുടങ്ങും. യൂട്യൂബ് നോട്ട്‌സിന്‍റെ നിലവാരം എത്രത്തോളമുണ്ട് എന്ന് പ്രതികരണം നല്‍കാനുള്ള സംവിധാനവും ഭാവിയില്‍ പ്രതീക്ഷിക്കാം. നോട്ട്‌സ് സഹായകമായോ എന്ന് കാഴ്‌ചക്കാരന് രേഖപ്പെടുത്താന്‍ അവസരമുണ്ടാകും.