സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം! ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക കറുത്ത കുതിരകളായ യുഎസിനെതിരെ

By: 600007 On: Jun 18, 2024, 4:29 PM

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പില്‍ ഇനി എട്ടിന്റെ കളി.  ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യമത്സരത്തില്‍ അമേരിക്ക ദക്ഷിണാഫ്രിക്കയെ നേരിടും. കുട്ടി ക്രിക്കറ്റിന്റെ രൂപവും ഭാവവും മാറിയ അമേരിക്കന്‍ പതിപ്പ് അടുത്ത ഘട്ടത്തിലേക്ക്. നാല് ഗ്രൂപ്പുകളില്‍ നിന്ന് മുന്നിലെത്തിയ എട്ട് ടീമുകളാണ് ഇനിയുള്ളത്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും അമേരിക്കയും, ഗ്രൂപ്പ് ബി യില്‍ നിന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും, ഗ്രൂപ്പ് സിയില്‍ നിന്നെത്തിയത് അഫ്ഗാനിസ്ഥാനും, വെസ്റ്റ് ഇന്‍ഡീസും ഗ്രൂപ്പ് ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും അവസാന എട്ടിലെത്തി. ന്യൂസിലന്‍ഡും പാകിസ്ഥാനും ശ്രീലങ്കയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ പ്രമുഖര്‍. ജൂണ്‍ 27നാണ് സെമിഫൈനല്‍ മത്സരങ്ങള്‍. 


ഇന്ത്യയും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഒറ്റ മത്സരവും തോല്‍ക്കാതെയെത്തി. സൂപ്പര്‍ 8ല്‍ ഒരോ ടീമിനും മൂന്ന് മത്സരങ്ങള്‍. രണ്ട് ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക് മുന്നേറും. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരോടാണ് ഇന്ത്യ മത്സരിക്കേണ്ടത്. ഗ്രൂപ്പ് രണ്ടില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ, ഇംഗ്ലണ്ട് ടീമുകളും കളിക്കും. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ അമേരിക്കയെ നേരിടും.