കാനഡയിലെ പ്രമേഹരോഗികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ദിവസവും വേദന അനുഭവിച്ചുള്ള ഇന്‍സുലിന്‍ കുത്തിവെപ്പ് ഇനി വേണ്ട. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇന്‍സുലിന്‍ എടുക്കാന്‍ സാധിക്കുന്ന രീതിയില്‍ പുതിയ ഇന്‍ജെക്ഷന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ കാനഡയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നും മരുന്ന് നിര്‍മാണ കമ്പനി നോവോ നോര്‍ഡിസ്‌ക് അറിയിച്ചു. അവിക്ലി(Awiqli), എന്ന ബ്രാന്‍ഡ് നാമത്തില്‍ വില്‍ക്കുന്ന ഇന്‍സുലിന്‍ ഐക്കോഡെക്ക് ലോകത്തിലെ വണ്‍സ്-എ-വീക്ക് ബേസല്‍ ഇന്‍സുലിന്‍ ഇന്‍ജെക്ഷനാണ്. ഇത് ജൂണ്‍ 30 മുതല്‍ കാനഡയിലുടനീളം ലഭ്യമാകുമെന്ന് കമ്പനി മാധ്യമങ്ങളോട് പറഞ്ഞു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള പ്രായമായവരുടെ ചികിത്സയ്ക്കായി മാര്‍ച്ച് മാസത്തില്‍ ഹെല്‍ത്ത് കാനഡ അംഗീകരിച്ച ഇന്‍ജെക്ഷന്‍ ലഭിക്കുന്ന ആദ്യ രാജ്യമാണ് കാനഡ.
പ്രമേഹ രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്നും അതിനാല്‍ ഉടന്‍ വിപണിയില്‍ ഇത് ലഭ്യമാക്കാനുള്ള നടപടികളിലാണെന്നും കമ്പനി വ്യക്തമാക്കി. ടൈപ്പ് 1, 2 പ്രമേഹ ചികിത്സയ്ക്ക് ഹെല്‍ത്ത് കാനഡയുടെ അംഗീകാരം ഉണ്ടെങ്കിലും വീക്ക്‌ലി ഇന്‍സുലിന്‍ ടൈപ്പ് 2 രോഗികള്‍ക്കാണ് ഏറെ പ്രയോജനപ്പടുകയെന്ന് എന്‍ഡോക്രൈനോളജിസ്റ്റുകള്‍ പറയുന്നു.