ജലവിതരണ പൈപ്പിലെ തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ മൂന്ന് മുതല്‍ അഞ്ച് ആഴ്ച വരെ എടുത്തേക്കും: കാല്‍ഗറി മേയര്‍

By: 600002 On: Jun 18, 2024, 12:41 PM

 

കാല്‍ഗറിയില്‍ ജലവിതരണ പൈപ്പിലുണ്ടായ തകരാര്‍ പൂര്‍ണമായും പരിഹരിക്കാനുള്ള പണികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും ജലവിതരണം സാധാരണനിലയില്‍ പുന:സ്ഥാപിക്കാന്‍ ഉടന്‍ സാധിക്കുമെന്നും കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക് അറിയിച്ചു. വാട്ടര്‍ ട്രാന്‍സ്മിഷന്‍ പൈപ്പിലെ പ്രധാന തകരാര്‍ പരിഹരിക്കാന്‍ സാധിച്ചു. എന്നാല്‍ മറ്റ് അഞ്ചിടങ്ങളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ ഒരേസമയം പുരോഗമിക്കുകയാണെന്നും ഏറിയാല്‍ മൂന്നോ അഞ്ചോ ആഴ്ചകള്‍ക്കുള്ളില്‍ തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നും മേയര്‍ അറിയിച്ചു. 

അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിനാല്‍ ജല നിയന്ത്രണങ്ങളും ഗതാഗത തടസ്സങ്ങളും മൂന്നോ അഞ്ചോ ആഴ്ചകള്‍ കൂടി തുടരുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാം. പ്രധാന തകരാര്‍ പരിഹരിച്ചുവെങ്കിലും സൈറ്റിലെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടരുകയാണ്. അതിനാല്‍ വഴിതിരിച്ചുവിടലുകള്‍ ഉണ്ടായേക്കും. കൂടാതെ താല്‍ക്കാലിക പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സിറ്റി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു.