പന്നൂന്‍ വധശ്രമക്കേസ്: യുഎസ് കോടതിയില്‍ കുറ്റം നിഷേധിച്ച് നിഖില്‍ ഗുപ്ത 

By: 600002 On: Jun 18, 2024, 12:20 PM

 

 

അമേരിക്കന്‍ മണ്ണില്‍ സിഖ് വിഘടനവാദിയായ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ കുറ്റാരോപിതാനായ ഇന്ത്യക്കാരന്‍ നിഖില്‍ ഗുപ്ത യുഎസ് കോടതിയില്‍ കുറ്റം നിഷേധിച്ചതായി റിപ്പോര്‍ട്ട്. ചെക്ക് റിപ്പബ്ലിക്കില്‍ വെച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത നിഖില്‍ ഗുപ്തയെ വെള്ളിയാഴ്ച അമേരിക്കയ്ക്ക് കൈമാറി. തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഗുപ്തയെ ഹാജരാക്കി. നിഖില്‍ ഗുപ്ത കുറ്റം നിഷേധിച്ചതായി അഭിഭാഷകന്‍ ജെഫ്രി ഷാബ്രോ പറഞ്ഞു. 

ഗുപ്തക്കെതിരെ ഫെഡറല്‍ കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പന്നൂനെ വധിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയെന്നാരോപിച്ച് ജൂണ്‍ 30 നാണ് ചെക്ക് റിപ്പബ്ലിക്കില്‍ ഗുപ്തയെ അറസ്റ്റ് ചെയ്തത്. അമേരിക്കയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള കുറ്റവാളി കൈമാറല്‍ ഉടമ്പടി പ്രകാരമായിരുന്നു അറസ്റ്റ്. വാടകക്കൊലയാളിയെ സംഘടിപ്പിക്കാന്‍ ഡെല്‍ഹിയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.