അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവിശ്യയിലെ കിന്റര്‍ഗാര്‍ട്ടണ്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ക്ലാസ് മുറികളില്‍
സെല്‍ഫോണുകള്‍ നിരോധിക്കുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ ഉത്തരവിട്ടു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്കിടയിലാണ് പ്രവിശ്യ പുതിയ നിയമം പ്രഖ്യാപിക്കുന്നത്. സെല്‍ഫോണുകള്‍ പഠനത്തിന് സഹായിക്കുമെങ്കിലും അവ സൈബര്‍ ഭീഷണികള്‍ക്ക് കാരണമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡിമെട്രിയോസ് നിക്കോലൈഡ്‌സ് പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നത് പോലുള്ള ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഫോണ്‍ നിരോധനം കൂടാതെ, സ്‌കൂളുകളില്‍ സോഷ്യല്‍മീഡിയ സൈറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ നിയമങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നത് സ്‌കൂള്‍ ബോര്‍ഡുകള്‍ക്ക് നിശ്ചയിക്കാം. എന്നാല്‍ ആ നയങ്ങള്‍ പ്രവിശ്യാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും ഡിമെട്രിയോസ് പറഞ്ഞു.
ക്യുബെക്ക്, ഒന്റാരിയോ, ബീസി എന്നീ പ്രവിശ്യകള്‍ നേരത്തെ സ്‌കൂളുകളില്‍ സെല്‍ഫോണ്‍ നിരോധിച്ചിട്ടുണ്ട്.