നോര്‍ത്ത് യോര്‍ക്കില്‍ വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

By: 600002 On: Jun 18, 2024, 10:20 AM

 

 

ടൊറന്റോ നോര്‍ത്ത് യോര്‍ക്കില്‍ ഒരു ഡേകെയറിനും സ്‌കൂളിനും സമീപമുള്ള ഓഫീസ് കെട്ടിടത്തില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചവരില്‍ വെടിയുതിര്‍ത്തയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 യോടെ ഡോണ്‍ മില്‍സിനും മല്ലാര്‍ഡ് റോഡിനും സമീപമുള്ള കെട്ടിടത്തിന്റെ ലോബിയിലാണ് വെടിവെപ്പുണ്ടായത്. 

വെടിവെപ്പുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള തര്‍ക്കം വെടിവെപ്പിലേക്ക് നയിച്ചതാണെന്ന് കരുതുന്നതായും പോലീസ് ഉദ്യോഗസ്ഥന്‍ അലന്‍ ബാര്‍ട്ട്‌ലറ്റ് പറഞ്ഞു. സംഭവ സമയത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ പുരുഷനും സ്ത്രീയും വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്. പരുക്കേറ്റ ഇവര്‍ പിന്നീട് മരിച്ചു. ആറോളം വെടിയൊച്ചകള്‍ കേട്ടതായാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.  

സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. വെടിവെപ്പിനെ തുടര്‍ന്ന് നോര്‍ത്ത്മൗണ്ട് സ്‌കൂള്‍, സെന്റ് ജോര്‍ജ് മിനി സ്‌കൂള്‍ ആന്‍ഡ് ഇന്‍ഫന്റ് കെയര്‍ എന്നിവ താല്‍ക്കാലികമായി അടച്ചു. കുട്ടികളെല്ലാം സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ് രക്ഷിതാക്കളെ അറിയിച്ചു.