ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ചരമവാര്‍ഷികം: സറേ ഗുരുദ്വാരയില്‍ ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു

By: 600002 On: Jun 18, 2024, 9:44 AM

 

വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് നിജ്ജാറിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ദു:ഖാചരണത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് സിഖ് മതവിശ്വാസികള്‍ സറേയിലെ ഗുരുദ്വാരയിലെത്തി. നിജ്ജാറിന് നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നിജ്ജാര്‍ വെടിയേറ്റ് മരിച്ച സ്ഥലത്ത് പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. സ്വതന്ത്ര സിഖ് രാഷ്ട്രത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാര്‍ 2023 ജൂണ്‍ 18 നാണ് ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് പുറത്ത് പട്ടാപ്പകല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ തലയ്ക്ക് വെടിയേറ്റിരുന്നു. 

ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഭീകരനാണ് നിജ്ജാര്‍. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. 

സംഭവത്തിന് പിന്നാലെ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തെ തുടര്‍ന്ന് നിജ്ജാറിനെ വധിച്ച നാല് ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തു. കരണ്‍പ്രീത് സിംഗ്, കമല്‍പ്രീത് സിംഗ്, കരണ്‍ ബ്രാര്‍, അമന്‍ദീപ് സിംഗ് എന്നിവരാണ് പിടിയിലായത്.