ജീവിത ചെലവ്: വിദേശ ജോലിക്കാര്‍ക്ക് ഏറ്റവും ചെലവേറിയ നഗരം; പട്ടികയില്‍ ഇടം നേടി കാനഡയിലെ അഞ്ച് നഗരങ്ങള്‍ 

By: 600002 On: Jun 18, 2024, 9:01 AM

 

 

ഉയര്‍ന്ന ജീവിതച്ചെലവും ഭവന വിലയും പ്രതസന്ധി തീര്‍ക്കുമ്പോള്‍ ലോകത്തില്‍ അന്താരാഷ്ട്ര തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ കാനഡയിലെ അഞ്ച് നഗരങ്ങള്‍ ഇടംപിടിച്ചു. യുഎസ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനം മെഴ്‌സര്‍(Mercer) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ജീവിത ചെലവ് അടിസ്ഥാനമാക്കി അഞ്ച് ഭൂഖണ്ഡങ്ങളിലെ 226 നഗരങ്ങളെ വിശകലനം ചെയ്ത് പട്ടിക തയാറാക്കിയിരിക്കുന്നത്. കാനഡയില്‍ വിദേശ ജോലിക്കാര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരം ടൊറന്റോയാണ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ടൊറന്റോ പട്ടികയില്‍ ഇടം നേടുന്നത്. ഭവന വിലയും ക്ഷാമവുമാണ് തൊഴിലാളികള്‍ക്ക് ചെലവ് വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അഫോര്‍ഡബിളിറ്റിയില്‍ മെച്ചപ്പെടുന്ന കാനഡയിലെ ഏക നഗരമാണ് ടൊറന്റോ. വാര്‍ഷിക സര്‍വേ പ്രകാരം, 2023 ല്‍ 90 ആം സ്ഥാനത്തായിരുന്ന ടൊറന്റോ ഈ വര്‍ഷം 92 ആം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു. വാന്‍കുവര്‍(101), മോണ്‍ട്രിയല്‍(118), ഓട്ടവ(126), കാല്‍ഗറി(141) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍. 

പട്ടികയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത് ഹോങ്കോംഗ് ആണ്. സിംഗപ്പൂര്‍, സൂറിച്ച്, ജനീവ, ബാസല്‍ എന്നീ നഗരങ്ങള്‍ ആദ്യ അഞ്ചില്‍ ഇടം നേടി. ഇസ്ലമാബാദ്(224), നൈജീരിയയിലെ ലാഗോസ്(225), നൈജീരിയന്‍ തലസ്ഥാന നഗരം അബുജ(226) എന്നിവയാണ് ജീവിത ചെലവില്‍ ഏറ്റവും താഴ്ന്ന റാങ്കിംഗില്‍ ഉള്‍പ്പെട്ട നഗരങ്ങള്‍.