സൗഹൃദം പിരിഞ്ഞതിന് പിന്നാലെ സൈബർ ആക്രമണം ; സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു

By: 600007 On: Jun 18, 2024, 2:26 AM

തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ആദിത്യ എസ് നായർ എന്ന 18 കാരിയാണ് ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. തിരുമല കുന്നപ്പുഴയിലാണ് സംഭവം.


സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദത്തിൽ ആയിരുന്നു. വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. ഇതാണ് മരണകാരണമെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യ ഇന്നലെ രാത്രി മരിച്ചു. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസ് കേസെടുത്തു. സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങി കുടുംബം.