ഭക്ഷണം വായിൽവെച്ചപ്പോൾ എന്തോ അസ്വാഭാവികത, നോക്കിയപ്പോൾ ബ്ലേഡ്; എയർ ഇന്ത്യക്കെതിരെ യാത്രക്കാരൻ

By: 600007 On: Jun 17, 2024, 2:48 PM

ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തി.  ബെം​ഗളൂരു-സാൻ ഫ്രാൻസിസ്‌കോ വിമാനത്തിൽ യാത്ര ചെയ്ത മാതുറസ് പോൾ എന്ന യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് കിട്ടിയതായി എക്‌സിൽ കുറിപ്പ് പങ്കുവച്ചത്. ജൂൺ 10നായിരുന്നു സംഭവം. ബ്ലേഡിന്റെ ചിത്രമുൾപ്പടെ യാത്രക്കാരൻ പങ്കുവെക്കുകയും ചെയ്തു. ഭാ​ഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഭക്ഷണം വായിൽവെച്ച ശേഷമാണ് ഭക്ഷണത്തിൽ ബ്ലേഡ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഉടൻ തന്നെ ഫ്ലൈറ്റ് ജീവനക്കാരെ വിവരം അറിയിച്ചു.

മാപ്പ് പറയുകയും മറ്റൊരു വിഭവം നൽകിയെന്നും ഇദ്ദേഹം പറഞ്ഞു. തന്റെ സ്ഥാനത്ത് ഒരു കുട്ടിയായിരുന്നെങ്കിൽ അപകടം സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ വിശദീകരണവുമായി എയർ ഇന്ത്യ അധികൃതർ രം​ഗത്തെത്തി. കേറ്ററിംഗ് കമ്പനിയിൽ നിന്നുണ്ടായ വീഴ്ചയാണെന്നും നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്‌സിപീരിയൻസ് ഓഫീസർ രാജേഷ് ദോഗ്‌റ അറിയിച്ചു. പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തിൽ ഉൾപ്പെട്ടതായിരിക്കാമെന്നും ദോ​ഗ്റ പറഞ്ഞു.