മൃതശരീരങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ ജീവന്‍ തുടിക്കുന്ന കുഞ്ഞു കൈകള്‍ ആരുടേതെന്നറിയില്ല. രക്ഷിക്കണേ എന്ന നിലവിളികള്‍ എങ്ങും മുഴങ്ങിക്കേള്‍ക്കുന്ന ഇടം. ഇടംവലം ശത്രുക്കളുടെ തോക്കിന്‍ കുഴലുകള്‍. പിഞ്ചു കുഞ്ഞുങ്ങളുടെ കഴുത്തറുക്കുന്നതു, മുതല്‍ സ്ത്രീകളെ ഭോഗിച്ചു കൊല്ലുന്നതിന്റെ നീറ്റലില്‍ നിശബ്ദം തേങ്ങുകയാണ് ഒരു രാജ്യം. ഇതാ ഒരു ബലി പെരുനാള്‍ കൂടി വന്നിരിക്കുന്നു. ആഘോഷങ്ങള്‍ക്കെല്ലാം അവധി നല്‍കി കൂട്ട മരണത്തിന്റെ നടുവില്‍ വാവിട്ട്, ജീവനു വേണ്ടി യാചിക്കുകയാണവര്‍. മിസൈല്‍ വീണ് മണ്‍കൂനകളായി മാറിയ നഗരങ്ങളില്‍ ഉറ്റവരുടെയും ഉടയവരുടെയും ശവശരീരങ്ങള്‍ തേടുന്ന പാലസ്തീന്‍ ജനത.
ഗാസ എന്നൊരു നഗരമുണ്ടായിരുന്നു. അത് ഇന്നൊരു ശ്മശാന ഭൂമി മാത്രമാണ്. അധിനിവേശ കഴുകന്‍മാരുടെ കൂടായി മാറിയ നരകം. കൊന്നു തീര്‍ത്തതെല്ലാം ഭാവി തലമുറയെയാണെന്ന് ഐക്യരാഷ്ട്ര സഭയ്ക്കു വരെ ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ട് ഇസ്രയേലിനോട് ഈ ഏകപക്ഷീയ യുദ്ധം നിര്‍ത്തിവെയ്ക്കാന്‍ ലോകം പറയുന്നില്ല. പാലസ്തീന്‍ അത്രയ്ക്കും വെറുക്കപ്പെടേണ്ടതുണ്ടോ. ഗസയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുമ്പോള്‍ ഈ ബലിപ്പെരുനാള്‍ കാലത്ത് അവിടെ നിന്നും കേള്‍ക്കുന്നത് പട്ടിണിയുടെയും പരിവട്ടങ്ങളുടെയും ആര്‍ത്ത നാദങ്ങളാണ്.