തീപിടുത്ത സാധ്യത കണക്കിലെടുത്ത് കാനഡയിലുടനീളം വിറ്റഴിച്ച പതിനായിരക്കണക്കിന് A la Cuisine ഇലക്ട്രിക് കെറ്റിലുകള്‍ ഹെല്‍ത്ത് കാനഡ തിരിച്ചുവിളിച്ചു. പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ കെറ്റില്‍ ബേസ് അമിതമായി ചൂടാവുകയും ഇലക്ട്രിക്കല്‍ വയറിലെ പ്ലാസ്റ്റിക് ഉരുകുകയും ഇത് തീപിടുത്തത്തിന് കാരണമാവുകയും ചെയ്യുമെന്ന് ഹെല്‍ത്ത് കാനഡ പ്രസ്താവനയില്‍ പറഞ്ഞു. കെറ്റില്‍ ബേസ് അമിതമായി ചൂടാകുന്ന മൂന്ന് പരാതികള്‍ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ ആര്‍ക്കും പരുക്കുകള്‍ സംഭവിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ തിരിച്ചുവിളിച്ച കെറ്റിലിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. കെറ്റിലുകള്‍ കൈവശമുള്ളവര്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും തിരിച്ചുവിളി ബാധിച്ചവ തിരിച്ചുനല്‍കിയാല്‍ പുതിയത് ലഭിക്കുമെന്നും ഹെല്‍ത്ത് കാനഡ അറിയിച്ചു. പുതിയ കെറ്റില്‍ ലഭിക്കാന്‍ അടുത്തുള്ള ഔട്ട്‌ലെറ്റില്‍ പഴയതുമായി എത്തണം. ഔട്ട്‌ലെറ്റ് കണ്ടെത്താന്‍ ഹാര്‍ട്ട് സ്റ്റോറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റില്‍ എല്ലാ വിവരങ്ങളും ലഭ്യമാണ്.