ഓട്ടവയില്‍ ശക്തമായ ഇടിമിന്നല്‍: ഓര്‍ലിയാന്‍സില്‍ വീടിന് മിന്നലേറ്റ് കേടുപാടുകള്‍ സംഭവിച്ചു 

By: 600002 On: Jun 17, 2024, 10:28 AM

 

 

വ്യാഴാഴ്ച വൈകുന്നേരം ഓട്ടവയില്‍ ഉണ്ടായ ഇടിമിന്നലും കനത്തമഴയും ഓര്‍ലിയാന്‍സില്‍ ഭാഗികമായ നാശനഷ്ടമുണ്ടാക്കി. ഓര്‍ലിയാന്‍സില്‍ താമസിക്കുന്ന കാതറിന്‍ ലെമേ എന്ന സ്ത്രീയുടെ വീടിന് മിന്നലേറ്റ് കേടുപാടുകള്‍ സംഭവിച്ചു. രാത്രി പത്ത് മണിക്ക് ശേഷം കിടക്കാന്‍ നേരത്ത് ബോംബ് സ്‌ഫോടനത്തിന് സമാനമായ ശബ്ദമാണ് കേട്ടതെന്ന് ലെമേ പറഞ്ഞു. ശബ്ദത്തിന് പിന്നാലെ വീട്ടിലെ ലൈറ്റുകളെല്ലാം അണഞ്ഞു. മിന്നല്‍ ഏറ്റെന്ന് മനസ്സിലായി. ഉടന്‍ ഭര്‍ത്താവും താനും ചേര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചപ്പോഴാണ് മേല്‍ക്കൂരയില്‍ മിന്നലേറ്റ് കേടുപാട് സംഭവിച്ചത് കണ്ടെത്തിയതെന്ന് അവര്‍ പറഞ്ഞു. 

സംഭവത്തിന് പിന്നാലെ 911 ല്‍ വിളിച്ച് അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഉടന്‍ സേനാംഗങ്ങളെത്തി വീട് പരിശോധിച്ചു. മേല്‍ക്കൂരയില്‍ മിന്നലേറ്റതിന്റെ ആഘാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചത് കണ്ടെത്തി. അവിടെ ഒരു ദ്വാരം ഉണ്ടായതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ വീട്ടിലെ ഇലക്ട്രിക്കല്‍ വയറുകളും മറ്റും പരിശോധിച്ചു. പിന്നീട് ദ്വാരം ഒരു പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചുവെന്നും ലെമെ പറഞ്ഞു. ഇലക്ട്രിക് പാനലില്‍ ചാര്‍ജുള്ളതിനാല്‍ വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഇലക്ട്രിക്കല്‍ പാനലില്‍ തൊടരുതെന്ന് അഗ്നിശമനസേനാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ലേമെ പറഞ്ഞു. 

മേല്‍ക്കൂരയില്‍ ഇനി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്. മിന്നലാക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്നത് ആശ്വാസകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ക്കായി നിലവില്‍ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ലേമെ പറഞ്ഞു.