രാജ്യത്തെ നടുക്കി വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് ദുരന്തം;ഡാർജിലിങ് അപകടത്തിൽ മരണം 15 ആയി, 60പേർക്ക് പരിക്ക്

By: 600007 On: Jun 17, 2024, 9:52 AM

ദില്ലി:പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി ഉയര്‍ന്നു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. അ​ഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ പിന്നിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഗുഡ്സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, കാഞ്ചൻ ജംഗ എക്സ്പ്രസിന്‍റെ ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം.രക്ഷാ പ്രവർത്തനം പൂർത്തിയായിയെന്നും ബോഗികള്‍ക്കിടയില്‍ കുടുങ്ങിയവരെ എല്ലാം ആശുപത്രിയില്‍ എത്തിച്ചുവെന്നും റെയിൽ ബോർഡ് ചെയർപേഴ്സൺ അറിയിച്ചു.


അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബംങ്ങള്‍ പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.