പാമ്പിനെ ആസ്വദിച്ച് കഴിക്കുന്ന ദക്ഷിണ കൊറിയന്‍ യുവതിയുടെ വീഡിയോ വൈറല്‍; വിമർശിച്ച് സോഷ്യല്‍ മീഡിയ

By: 600007 On: Jun 17, 2024, 9:44 AM

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ ഒരു വര്‍ഷം കൊന്നൊടുക്കുന്നതില്‍ പാമ്പുകള്‍ക്കുള്ള മേല്‍ക്കൈ മറ്റൊരു മൃഗത്തിനുമില്ല. കരയിലും കടലിലുമുള്ള വിഷപാമ്പുകളുടെ കടിയേറ്റ് മരിച്ച് വീഴുന്ന മനുഷ്യരുടെ എണ്ണം അത്രയേറെയാണ്. അതേസമയം കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പാമ്പുകള്‍ മനുഷ്യന്‍റെ ഭക്ഷണത്തിന്‍റെ ഭാഗമാണ്. ചൈന, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിഷപാമ്പുകളെ ഉപയോഗിച്ച് വീര്യമേറിയ മദ്യം പോലും നിര്‍മ്മിക്കപ്പെടുന്നു. അതേസമയം വിഷമില്ലാത്ത പാമ്പുകള്‍ അവരുടെ ഭക്ഷണമെനുവിലെ ഒരു ഐറ്റം കൂടിയാണ്. കാര്യങ്ങളിങ്ങനെയൊക്കെയാണെന്ന് നമ്മുക്കെല്ലാവര്‍ക്കും അറിയാം. അതേസമയം പാമ്പിനെ നേരിട്ട് കണ്ടാല്‍ ഒന്ന് ഭയക്കാത്തതായി നമ്മളില്‍ ആരുമില്ലതാനും. asmrmukbangworld എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ കണ്ടാല്‍ പക്ഷേ, ആ ഭയം ഒന്നുകൂടി ഇരട്ടിക്കും. 

ഒരു ദക്ഷിണ കൊറിയന്‍ യുവതി മുന്നിലെ പാത്രത്തില്‍ ഗാര്‍ണിഷ് ചെയ്ത് വച്ച പാമ്പുകളിലൊന്നിന്‍റെ
വാലില്‍ പിടിച്ചെടുത്ത് കടിച്ച് വലിക്കുന്നു. ഏതാണ്ട് മൂന്നോ നാലോ പാമ്പുകള്‍ യുവതിയുടെ മുന്നില്‍ വച്ച പ്ലേറ്റില്‍ ഗാര്‍ണിഷ് ചെയ്തിരിപ്പുണ്ട്. യുവതി ഒരു പാമ്പിനെ എടുത്ത് കടിക്കുമ്പോള്‍ പ്ലേറ്റിലെ പാമ്പുകള്‍ ഇളകുന്നതായി കാണാം. ഇത് പാമ്പുകള്‍ക്ക് ജീവനുണ്ടെന്ന സംശയം കാഴ്ചക്കാരില്‍ ഉണ്ടാക്കുന്നു. പ്ലേറ്റില്‍ പാമ്പുകളോടൊപ്പം ചില പച്ചക്കറികളും മുകളും ഗാര്‍ണിഷ് ചെയ്ത് വച്ചിരിക്കുന്നത് കാണാം. കാഴ്ചക്കാരില്‍ ഭയവും അറപ്പും ഉണ്ടാക്കമെങ്കിലും യുവതി വളരെ ആസ്വദിച്ചാണ് പാമ്പുകളെ കടിച്ച് പറിക്കുന്നത്. ഇടയ്ക്ക് ഏറെ സ്വാദേറിയ വിഭവമാണെന്ന് യുവതി തന്‍റെ മുഖഭാവത്തിലൂടെ പറയാതെ പറയുന്നു.