ഫാദേഴ്‌സ് ഡേയില്‍ പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അന്തരിച്ച മുന്‍ പ്രധാനമന്ത്രി പിയറി ട്രൂഡോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ജസ്റ്റിന്‍ ട്രൂഡോ പിതാവിനെ അനുസ്മരിച്ചത്. കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ഒരു തോണിയില്‍ പിതാവിനൊപ്പം ലൈഫ് ജാക്കറ്റ് ധരിച്ച് തുഴയും പിടിച്ചിരിക്കുന്ന ചിത്രമാണ് ട്രൂഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഹീറോയായിരുന്നു തന്റെ അച്ഛനെന്നും ഇപ്പോഴും തനിക്ക് അങ്ങനെ തന്നെയാണെന്നും പിതാവിനെക്കുറിച്ച് അദ്ദേഹം കുറിച്ചു. തന്റെ മക്കളായ സേവിയര്‍, എല്ല ഗ്രേസ്, ഹാഡ്രിയന്‍ എന്നിവരോടും അച്ഛനെന്ന നിലയിലുള്ള സ്‌നേഹവും പരിലാളനയും ഉത്തരവാദിത്തവും എന്നും എപ്പോഴും ഉണ്ടാകുമെന്നും അദ്ദഹം ഹൃദയസ്പര്‍ശിയായ പോസ്റ്റില്‍ കുറിച്ചു. തന്റെ പിതാവിനൊപ്പം നടത്തിയ യാത്രാനുഭവങ്ങളും ജീവിതത്തിലെ മറ്റ് നിമിഷങ്ങളും അദ്ദേഹം പങ്കുവെച്ചു. ഫാദേഴ്‌സ് ഡേ ആശംസകളും അദ്ദേഹം നേര്‍ന്നു.
കനേഡിയന്‍ അഭിഭാഷകനും രാഷ്ട്രീയ നേതാവുമായിരുന്ന പിയറി ട്രൂഡോ 1968 മുതല്‍ 1979 വരെയും 1980 മുതല്‍ 1984 വരെയും കാനഡയുടെ 15 ആമത് പ്രധാനമന്ത്രിയായിരുന്നു. 2000 സെപ്തംബര്‍ 28 നാണ് അദ്ദേഹം വിടവാങ്ങിയത്.