ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ റണ്ണടിക്കാന്‍ കഴിയാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ച് പാക് താരം ഇമാദ് വാസിം. ഇന്ത്യക്കെതിരെ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാൻ 12 ഓവറില്‍ 72-2 എന്ന മികച്ച നിലയിലായിരുന്നു. എട്ട് വിക്കറ്റ് ശേഷിക്കെ എട്ടോവറില്‍ ജയത്തിലേക്ക് 48 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പതിമൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഫഖര്‍ സമന്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഇമാദ് വാസിം 20-ാം ഓവര്‍ വരെ ക്രീസിലുണ്ടായിരുന്നെങ്കിലും 23 പന്തില്‍ 15 റണ്‍സ് മാത്രമാണ് നേടിയത്. അര്‍ഷ്ദീപിന്‍റെ പന്തില്‍ എഡ്ജിലൂടെ നേടിയ ഒരേയൊരു ബൗണ്ടറി മാത്രമാണ് ഇമാദ് വാസിമിന് നേടാനായത്.
ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പുറത്തായ ഇമാദ് വാസിം ഒത്തു കളിച്ച് മന:പൂര്‍വം പന്ത് നഷ്ടമാക്കുകയായിരുന്നുവെന്ന് മുന്‍ നായകന്‍ സലീം മാലിക് അടക്കം അരോപിക്കുകയും ചെയ്തിരുന്നു. മത്സരത്തില്‍ ആറ് റണ്‍സിനാണ് പാകിസ്ഥാന്‍ തോറ്റത് എന്ന് കണക്കിലെടുക്കുമ്പോള്‍ ഇമാദ് വാസിം നഷ്ടമാക്കിയ എട്ട് പന്തുകള്‍ അന്തിമ ഫലത്തിവ്‍ നിര്‍ണായകമായി. ഇതിനിടെയാണ് അന്ന് റണ്ണടിക്കാന്‍ കഴിയാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ച് ഇമാദ് വാസിം രംഗത്തെത്തിയത്.