ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന താരിഫ് വര്‍ധിപ്പിക്കാന്‍ കാനഡയോട് ആവശ്യപ്പെട്ട് മുന്‍ യുഎസ് അംബാസഡര്‍. യുഎസ് ഇറക്കുമതി തീരുവ കഴിഞ്ഞമാസം മുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ തീരുവ വര്‍ധന ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. കാനഡയും ഇതേ പാത പിന്തുടരണമെന്ന് 2014 മുതല്‍ 2017 വരെ കാനഡയിലെ യുഎസ് അംബാസഡറായിരുന്ന ബ്രൂസ് ഹേമാന്‍ ആവശ്യപ്പെട്ടു. ചൈനീസ് സര്‍ക്കാരിന്റെ സബ്‌സിഡി കുറഞ്ഞ കാറുകള്‍ അന്താരാഷ്ട്ര വിപണിയില്‍ നിറയുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഹെയ്മാന്‍ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജൂലൈ 4 മുതല്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഇലക്ട്രിക് കാറുകള്‍ക്ക് 38 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയില്‍ നിര്‍മിച്ച ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി ചുങ്കം മെയ് 14 മുതല്‍ 100 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയനും തീരുവ വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎസും കാനഡയും ശക്തിയേറിയ രണ്ട് ട്രേഡിംഗ് പാര്‍ട്ണര്‍മാരാണ്. അതിനാല്‍ ആഗോളതലത്തില്‍ നടക്കുന്ന ചില നയങ്ങളില്‍ ഇരുരാജ്യങ്ങളും യോജിച്ചുപോകുന്നത് പ്രധാനമാണെന്നും ഹേമാന്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യൂറോപ്യന്‍ യൂണിയന്റെ പുതിയ ഓട്ടോ താരിഫുകളെകുറിച്ച് യൂറോപ്യന്‍ കമ്മീഷണര്‍ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമായി വെള്ളിയാഴ്ച ഇറ്റലിയിലെ അപുലിയയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കാനഡ നയം മാറ്റിയിട്ടില്ല. ബൈഡന്‍ താരിഫ് വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നാണ് ട്രൂഡോ പ്രതികരിച്ചത്. യുഎസ് വര്‍ധന പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ചൈനീസ് നിര്‍മിത വാഹനങ്ങളുടെ ഇറക്കുമതി തീരുവ നിലവിലെ ആറ് ശതമാനത്തിന് മുകളില്‍ ഉയര്‍ത്താന്‍ ഫെഡറല്‍ സര്‍ക്കാരിന് ഇനിയും സാധിച്ചിട്ടില്ല.