വില്ലനായി വീണ്ടും മഴ, ഇന്ത്യ-കാനഡ പോരാട്ടം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചു; ഇനി പോരാട്ടം സൂപ്പര്‍ 8ൽ

By: 600007 On: Jun 15, 2024, 6:02 PM

ഫ്ലോറിഡ: ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരം മേശം കാലാവസ്ഥമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. കനത്ത മഴ മൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്. അഞ്ചോവര്‍ വിതമുള്ള മത്സരമെങ്കിലും സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിച്ചെങ്കിലും ഔട്ട് ഫീല്‍ഡിലെ പല ഭാഗങ്ങളും നനഞ്ഞു കുതിര്‍ന്നതിനാല്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. നേരത്തെ സൂപ്പര്‍ 8 ഉറപ്പിച്ചതിനാല്‍ ഇന്ത്യക്കും സൂപ്പര്‍ 8 കാണാതെ പുറത്തായതിനാല്‍ കാന‍ഡക്കും മത്സരഫലം അപ്രധാനമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ കഴിഞ്ഞാല്‍ സൂപ്പര്‍ 8 പോരാട്ടങ്ങളും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും വെസ്റ്റ് ഇന്‍ഡീസിലാണ് നടക്കുക. 19ന് അമേരിക്ക- ദക്ഷിണാഫ്രിക്ക മത്സരത്തോടെ തുടങ്ങുന്ന സൂപ്പര്‍ 8 പോരാട്ടങ്ങളില്‍ 20ന് ബാര്‍ബഡോസിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. അഫ്ഗാനിസ്ഥാനാനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.