ആഗോളതാപനം: 2030 ഓടെ ഹഡ്‌സണ്‍ ബേ ധ്രുവക്കരടികള്‍ക്ക് വംശനാശം സംഭവിക്കും: പഠനം

By: 600002 On: Jun 15, 2024, 12:52 PM

 

ആഗോളതാപനില വര്‍ധിച്ചാല്‍ 2030 ഓടെ ഹഡ്‌സണ്‍ ഉള്‍ക്കടലിലെ ധ്രുവക്കരടികള്‍ക്ക് വംശനാശം സംഭവിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. മാനിറ്റോബ സര്‍വകലാശാല ഉള്‍പ്പെടെ വടക്കേ അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ഗവേഷകര്‍ ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ആഗോളതാപനം 2 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധി കടന്നാല്‍ ഹഡ്‌സണ്‍ ഉള്‍ക്കടലിലെ ധ്രുവക്കരടികള്‍ക്ക് 2030 ആകുമ്പോഴേക്കും വംശനാശം സംഭവിക്കുമെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

താപനില 2.2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുകയാണെങ്കില്‍ പടിഞ്ഞാറന്‍ ഹഡ്‌സണ്‍ ബേ ധ്രുവക്കരടികളില്‍ അത് ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷകനായ ക്രോഫോര്‍ഡ് പറഞ്ഞു. താപനില ഉയരുന്നത് തുടരുകയാണെങ്കില്‍ ഹഡ്‌സണ്‍ ബേ ഉള്‍ക്കടലിലെ മഞ്ഞ് ഗണ്യമായ രീതിയില്‍ ഉരുകാന്‍ തുടങ്ങും. ഇത് ധ്രുവക്കരടികളെയും അവയുടെ പ്രധാന ഭക്ഷണ സ്രോതസ്സുകളിലൊന്നായ റിംഗ് സീലിനെയും ബാധിക്കും. സീഐസിനെ ആശ്രയിച്ചാണ് റിംഗ് സീലുകള്‍ ജീവിക്കുന്നത്. 

ഹഡ്‌സണ്‍ ബേ ധ്രുവക്കരടികളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കപ്പെടും. കാര്‍ബണ്‍ ഉദ്മവനം കുറച്ചുകൊണ്ട് പൊതുജനങ്ങള്‍ക്കും ആഗോളതാപനം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ക്രോഫോര്‍ഡ് പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേകിച്ച് ഫെഡറല്‍, ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റുകള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.