അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായില്ല; കാല്‍ഗറിയില്‍ ജല നിയന്ത്രണങ്ങള്‍ അഞ്ച് ആഴ്ച വരെ നീണ്ടുനില്‍ക്കും 

By: 600002 On: Jun 15, 2024, 12:22 PM

 

ജലവിതരണ പൈപ്പിലെ തകരാര്‍ പരിഹരിക്കാനുള്ള ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ കാല്‍ഗറിയില്‍ ജലനിയന്ത്രണം തുടരേണ്ടതുണ്ടെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ തകരാര്‍ കണ്ടെത്തിയതിനാല്‍ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാകില്ല. അതിനാല്‍ അഞ്ചാഴ്ച വരെ ജല നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്ന് മേയര്‍ വ്യക്തമാക്കി. നഗരത്തില്‍ വെള്ളമെത്തിക്കുന്ന പ്രധാന ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നാണ് കഠിനമായ ജലക്ഷാമം അനുഭവപ്പെടുന്നത്. 

അഞ്ചോളം സ്ഥലങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത് ഇവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. ജലഉപഭോഗം കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ചെറുതായി കുറഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് മേയര്‍ അറിയിച്ചു. ലൈന്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നത് വരെ ജല ഉപഭോഗം കുറയ്ക്കുന്നത് തുടരണമെന്നും  നിര്‍ദ്ദേശിച്ചു. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഗുണനിലവാര പരിശോധനയും തുടര്‍ച്ചയായി നടത്തുമെന്നും ഗോണ്ടെക്ക് പറഞ്ഞു.