23 -കാരിയെ വൃദ്ധസദനത്തിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ച് 80 -കാരൻ; ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പ്രണയം

By: 600007 On: Jun 15, 2024, 12:20 PM

വൃദ്ധസദനത്തിൽ വച്ച് പരിചയപ്പെട്ട 23 -കാരിയായ യുവതിയെ 80 -കാരൻ വിവാഹം കഴിച്ചു. ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നാണ് ഈ അപൂർവ പ്രണയകഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൃദ്ധസദനത്തിലെ ജീവനക്കാരിയായിരുന്ന സിയാവോഫാങ് എന്ന പെൺകുട്ടിയും അവിടുത്തെ അന്തേവാസിയായിരുന്ന ലീയും തമ്മിലാണ് വിവാഹിതരായത്. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് സിയാവോഫാങ്, ലിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്തിടെ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തില്‍ ഇരുവരുടെയും ബന്ധുക്കളെ കുടുംബാംഗങ്ങളോ പങ്കെടുത്തിരുന്നില്ല. എന്നാല്‍, 'ലീയുടെ പ്രായം അദ്ദേഹത്തെ വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കുറവായി താൻ കാണുന്നില്ലെ'ന്നാണ് സിയാവോഫാങ് പറഞ്ഞത്. അവളുടെ പക്വത, സ്നേഹം, ജ്ഞാനം എന്നിവയാണ് തന്നെ ആകർഷിച്ചത് എന്നും ലീയും കൂട്ടിച്ചേര്‍ക്കുന്നു. വളരെ ചെറിയ പ്രായമാണെങ്കിൽ കൂടിയും സിയാവോഫാങിന്‍റെ മറ്റുള്ളവരോടുള്ള സഹാനുഭൂതിയും കരുണയും പ്രസരിപ്പുമാണ് അവളെ തന്‍റെ ജീവിതപങ്കാളിയാക്കാൻ താൻ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്ന് ലീയും പറഞ്ഞു.