ഇസ്രായേല്‍ ആക്രമണം; ഗസ്സയിലെ പരിക്കേറ്റ കുട്ടികള്‍ക്ക് ചികിത്സ നല്‍കുമെന്ന് കൊളംബിയ

By: 600007 On: Jun 15, 2024, 12:11 PM

ബൊഗോട്ട: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തിനിടെ പരിക്കേറ്റ കുട്ടികള്‍ക്ക് കൊളംബിയ ചികിത്സയൊരുക്കും. കൊളംബിയന്‍ സൈനിക ആശുപത്രിയാണ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 


പരിക്കേറ്റ കുട്ടികളെ അവരുടെ കുടുംബത്തോടൊപ്പം കൊളംബിയയിലേക്ക് കൊണ്ടുപോകുമെന്ന് ബഹുമുഖകാര്യ മന്ത്രി എലിസബത്ത് ടൈലര്‍ ജെയ് പറഞ്ഞു. അതേസമയം, എത്ര കുട്ടികളെ കൊണ്ടുപോകും, എത്രകാലം ചികിത്സ നല്‍കും തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. 

സൈനിക ഡോക്ടര്‍മാരാകും ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുക. കൊളംബിയയിലെ ആഭ്യന്തര യുദ്ധത്തിനിടെയുള്ള ഡോക്ടര്‍മാരുടെ അനുഭവസമ്പത്ത് ചികിത്സക്ക് സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ യു.എ.ഇ, ജോര്‍ഡന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ഇത്തരത്തില്‍ ഫലസ്തീനികള്‍ക്ക് ചികിത്സ വാഗ്ദാനം ചെയ്തിരുന്നു.