ക്യുബെക്കില്‍ വില്ലന്‍ചുമ കേസുകള്‍ വര്‍ധിക്കുന്നു 

By: 600002 On: Jun 15, 2024, 11:14 AM

 


ക്യുബെക്കില്‍ വില്ലന്‍ ചുമ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈസ്‌റ്റേണ്‍ ടൗണ്‍ഷിപ്പുകളിലും ബ്യൂസിലുമാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മോണ്‍ട്രിയല്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലേക്കും വില്ലന്‍ ചുമ പടരുന്നതായി മോണ്‍ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. ഈ വര്‍ഷം തുടക്കം മുതല്‍ പ്രവിശ്യയിലുടനീളം 1,476 വില്ലന്‍ ചുമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ മാസം മോണ്‍ട്രിയലില്‍ കേസുകള്‍ വര്‍ധിച്ചു. ജനുവരി 1 മുതല്‍ ജൂണ്‍ 3 വരെ ആകെ 57 കേസുകള്‍ മോണ്‍ട്രിയലില്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ഏള്‍ റൂബിന്‍ പറയുന്നു. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളിലും കൂടുതലായി വില്ലന്‍ ചുമ കേസുകള്‍ പടരുന്നുണ്ട്. 

പ്രവിശ്യയില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വില്ലന്‍ചുമ കേസുകളില്‍ വര്‍ധനവ് ഉണ്ടാകുന്നതായി മോണ്‍ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് വ്യക്തമാക്കി. 2019 ലാണ് ഇതിന് മുമ്പ് വില്ലന്‍ ചുമ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.