ജി7 ഉച്ചകോടി: ഇന്ത്യയും കാനഡയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ നരേന്ദ്ര മോദിയും ജസ്റ്റിന്‍ ട്രൂഡോയും കൂടിക്കാഴ്ച നടത്തി 

By: 600002 On: Jun 15, 2024, 9:17 AM

 


കാനഡയിലെ ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് പരസ്യമായി കാനഡ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നുണ്ടായ നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയില്‍  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ആദ്യമായി കൂടിക്കാഴ്ച നടത്തി. ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് മോദിയുമായി ട്രൂഡോ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച നടത്തിയ വിവരം മോദി എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ ഇരുവരും ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഹ്രസ്വമായ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. മൂന്നാമത് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദിയെ ട്രൂഡോ അഭിനന്ദിച്ചിരുന്നു. 

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിക്കുകയും ചെയ്തു. തെളിവുകള്‍ ഹാജരാക്കാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കരണ്‍ പ്രീത് സിംഗ്, കമല്‍പ്രീത് സിംഗ്, കരണ്‍ ബ്രാര്‍, അമന്‍ദീപ് സിംഗ് എന്നീ നാല് ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തു.