യൂറോ കപ്പിൽ ഇന്ന് ജര്‍മ്മനി-സ്കോട്‌ലന്‍ഡ് സൂപ്പർ പോരാട്ടം

By: 600007 On: Jun 14, 2024, 3:14 PM

മ്യൂണിക്ക്: യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ജർമ്മനി ഇന്ന് സ്കോട്‍ലൻഡിനെ നേരിടും. ബയേൺ മ്യൂണിക്കിന്‍റെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍  സോണി ലിവ് ആപ്പിലും ഇന്ത്യയില്‍ മത്സരം തത്സമയം കാണാനാകും. അലയൻസ് അരീനയിലെ ഓരോ മണൽത്തരിയും പുൽക്കൊടിയും നന്നായി അറിയാം ജർമ്മൻ നിരയ്ക്ക്. കരുത്തിലും കണക്കിലും സ്കോട്‍ലൻഡിനെക്കാൾ ഏറെ മുന്നിലാണെങ്കിലും ഉദ്ഘാടന മത്സരത്തിന് ഇറങ്ങുമ്പോൾ ജർമ്മനിയുടെ ചങ്കിടിപ്പിന് ഒട്ടും കുറവുണ്ടാവില്ല.


പ്രധാന ടൂർണമെന്‍റുകളിൽ ആദ്യ കടമ്പയിൽ തട്ടിവീഴുന്ന നടുക്കുന്ന ഓർമ്മകളാണ് ജർമ്മൻ താരങ്ങളുടേയും ആരാധകരുടേയും ചങ്കിടിപ്പേറ്റുന്നത്. ടൂർണമെന്‍റിലെ ഏറ്റവും പ്രായംകുറഞ്ഞ പരിശീലകനായ ജൂലിയൻ നഗൽസ്മാന് കീഴിൽ ദുർവിധികൾ കുടഞ്ഞെറിയാൻ ജർമ്മനി ഒരുങ്ങുമ്പോൾ ആദ്യമായി നോക്കൗട്ടിലേക്ക് നോട്ടമിടുകയാണ് സ്കോട്‍ലൻഡ്.