മെക്‌സിക്കോ റിസോര്‍ട്ടിലെ ജക്കൂസില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുഎസ് പൗരന്‍ മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പങ്കാളിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോക്കി പോയിന്റ് എന്നറിയപ്പെടുന്ന പ്രശസ്തമായ റിസോര്‍ട്ട് പട്ടണമായ പ്യൂര്‍ട്ടോ പെനാസ്‌കോയിലെ സ്വകാര്യ കോണ്ടോയില്‍ വിനോദസഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് ജക്കൂസില്‍ നിന്നും ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റത്. ജോര്‍ജ് എന്‍ എന്ന് പേരുള്ള 43 വയസ്സുള്ളയാളാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതാഘാതമേല്‍ക്കാനുള്ള കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കുളിക്കാനായി ചൂട് വെള്ളം നിറയ്ക്കുന്ന ബാത്ത് ടബ്ബ് പോലെയുള്ള സംവിധാനമാണ് ജക്കൂസി. അതില്‍ നിന്നും എങ്ങനെയാണ് ഷോക്കേറ്റതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. വൈദ്യുതാഘാതമേറ്റതിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ മറ്റ് താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. അന്വേഷണം പുരോഗമിക്കുകയാണ്.