ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

By: 600007 On: Jun 14, 2024, 8:33 AM

 

കാലിഫോര്‍ണിയ: സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി ഫീച്ചറുകള്‍ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പില്‍ വന്നിരിക്കുകയാണ്. വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ 'മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക്' (Mlow) അവതരിപ്പിച്ചിരിക്കുന്നതാണ് പുതിയ സവിശേഷത. മികച്ച പ്രതികരണമാണ് ഈ സാങ്കേതികവിദ്യക്ക് ലഭിക്കുന്നത് എന്നാണ് മെറ്റയുടെ അവകാശവാദം. 

മുമ്പ് ഉപയോഗിച്ചിരുന്ന ഓപ്പസ് ഓഡിയോ ഫോര്‍മാറ്റിനേക്കാള്‍ രണ്ടിരട്ടി വ്യക്തതയുള്ള ശബ്‌ദം 'മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക്' നല്‍കും എന്നാണ് മെറ്റയുടെ അവകാശവാദം. ഇന്‍സ്റ്റഗ്രാമിലും മെസഞ്ചറിലും കോളുകള്‍ വിളിക്കാന്‍ ഓപ്പസാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ രണ്ട് സാമൂഹ്യമാധ്യമങ്ങളിലും മെറ്റ നേരത്തെ മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വാട്‌സ്ആപ്പിലും ഈ ശബ്‌ദ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. പുതിയ ഓഡിയോ കോളിംഗ് ക്വാളിറ്റി ഉപഭോക്താക്കളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത് എന്ന് മെറ്റ അവകാശപ്പെടുന്നു. തെളിവായി കുറച്ച് ചെറിയ ഓഡിയോ ക്ലിപ്പുകള്‍ മെറ്റ പുറത്തുവിട്ടിട്ടുമുണ്ട്.