കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും.
അതേസമയം, കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.