നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം: അഞ്ചു മരണം

By: 600007 On: Jun 14, 2024, 4:19 AM

ഗസ്സ: നുസൈറത്ത് അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഫയുടെ കേന്ദ്ര ഭാഗത്ത് കെട്ടിടങ്ങൾ തകർക്കാൻ ഇസ്രായേൽ സൈന്യം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. 250 ദിവസം പിന്നിട്ട ആക്രമണത്തിൽ ഇതുവരെ 15,694 കുട്ടികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ആകെ 37,232 പേർ ഇതുവരെ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിൽ ഹമാസ് നിർദേശിച്ച ഭേദഗതികളിൽ ചിലത് പ്രായോഗികമല്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. അന്തിമ കരാറിൽ എത്തിച്ചേരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലബനാനിൽനിന്ന് വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. ഇതേത്തുടർന്ന്, അധിനിവേശ ഗോലാൻ കുന്നുകളിലും അപ്പർ ഗലീലിയിലും 15 ഇടങ്ങളിൽ തീപിടിത്തമുണ്ടായി